നിലന്പൂർ: മുതിർന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന് അദ്ദേഹത്തിന്റെ മതേതര രാഷ്ട്രീയ നിലപാടുകൾ ഉയർത്തിപിടിക്കുന്ന ഉചിതമായ സ്മാരകം ഉയരണമെന്ന് റവന്യു മന്ത്രി എ.പി. അനിൽകുമാർ. സാധാരണക്കാരുടെ ആശാകേന്ദ്രമായിരുന്ന നേതാവായിരുന്നു ആര്യാടൻ.
15 വർഷം എംഎൽഎയായും രണ്ടുതവണ മന്ത്രിസഭയിലും അദ്ദേഹത്തോട് ഒരുമിച്ച് പ്രവർത്തിക്കാനായത് വലിയ അനുഭവമായിരുന്നെന്നും മന്ത്രി പറഞ്ഞു.
ആര്യാടൻ മുഹമ്മദിന്റെ നാലാം ചരമവാർഷിക ദിനാചരണത്തെക്കുറിച്ചുള്ള ആലോചനായോഗം നിലന്പൂരിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രി എ.പി. അനിൽകുമാർ മുഖ്യരക്ഷാധികാരിയും കെപിസിസി ജനറൽ സെക്രട്ടറിമാരായ ആര്യാടൻ ഷൗക്കത്ത് എംഎൽഎ, കെ.പി. നൗഷാദലി എംഎൽഎ, വി.ബാബുരാജ്, ആലിപ്പറ്റ ജമീല, ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ് എംഎൽഎ, പി.ടി. അജയ്മോഹൻ, കെ.പി. അബ്ദുൾ മജീദ് എന്നിവർ രക്ഷാധികാരികളും വി.എ. കരീം ചെയർമാൻ, എ.ഗോപിനാഥ് വർക്കിംഗ് ചെയർമാൻ, പാലോളി മെഹബൂബ് ജനറൽ കണ്‍വീനർ, ബാബു തോപ്പിൽ ട്രഷറർ ആയി 101 അംഗ സ്വാഗതസംഘത്തിന് രൂപം നൽകി.
സെപ്തംബർ 25ന് നിലന്പൂരിൽ നടക്കുന്ന ഓർമയിൽ ആര്യാടൻ അനുസ്മരണ സമ്മേളനത്തിൽ ആര്യാടൻ പുരസ്കാരം നൽകും. മുഖ്യമന്ത്രി വി.ഡി. സതീശൻ, എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അടക്കമുള്ള പ്രമുഖ നേതാക്കൾ പങ്കെടുക്കും.
സ്വാഗതസംഘം യോഗത്തിൽ അനുസ്മരണ സമിതി ചെയർമാൻ വി.എ.കരീം അധ്യക്ഷത വഹിച്ചു. ആര്യാടൻ ഷൗക്കത്ത് എംഎൽഎ, വല്ലാഞ്ചിറ ഷൗക്കത്തലി, എം.പി മുഹമ്മദ്, എൻ.എ. കരീം, അഡ്വ. ബാബുമോഹനക്കുറുപ്പ്, വി.സുധാകരൻ, ടി.പി. മുഹമ്മദ്, കെ.സി. കുഞ്ഞിമുഹമ്മദ്, പന്ത്രോളി മുഹമ്മദാലി, പി. രാധാകൃഷ്ണൻ, ഉമ്മർ കുരിക്കൾ, റിയാസ് മുക്കോളി, പദ്മിനി ഗോപിനാഥ്, ബാബു തോപ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.